Tuesday 9 September 2008

ഓർത്തിരിക്കാനെനിക്കിത്രമാത്രം



ഇന്നലെ ആരോ എന്നോടു പറഞ്ഞു 
ഓണം മരിച്ചെന്ന് നാളെ ശവമടക്കെന്ന് 
സജലനേത്രങ്ങൾ സ്ഥലകാലം 
മറന്നെന്നെ നിലവിളിക്കാൻ പ്രേരിപ്പിച്ചു 
ഓണം നിറമുള്ളൊരോർമ്മയായി 
മനസിൽ നിറയുമ്പോൾ 
ഓർത്തിരിക്കാനെനിക്കിത്രമാത്രം  
ഇനി ഓർമ്മയിൽ സൂക്ഷിക്കാനീ വളപൊട്ടുമാത്രം 

പുലരി പുതുമഞ്ഞാൽ- 
മുലക്കച്ചകെട്ടിയ നാട്ടു വഴികളിൽ 
പൂക്കളമെണ്ണി നടന്ന ബാല്യം  
ഒരു മുത്തശ്ശിക്കഥയിലെ  
രാജകുമാരനായി 
കഥകേട്ടുറങ്ങിയ ബാല്യ കാലം  
ആരവമായ്‌ ആഹ്ലാദമായ്‌  
ഓണം കടന്നുവന്ന ബാല്യം  

തൂശനിലയിൽ തുമ്പപ്പൂനിറമുള്ള   
സ്നേഹം വിളമ്പുമെന്നമ്മ!   
ഓണ നിലാവിന്റെ ഓമനതൊട്ടിലിൽ  
താരാട്ടുപാടിയുറക്കുമെന്നമ്മ  
മടിയിലിരുത്തി ഒരായിരം  
ഓണപാട്ടുകൾ പാടുമെന്നച്ഛൻ!  
മുല്ലയും മുക്കുറ്റിയും കൊണ്ടു മുറ്റം നിറയെ 
സ്നേഹപൂക്കളം തീർക്കുന്ന ഓണം!   

ഊഴം കാത്തിരുന്നൂഞ്ഞാലാടും 
പുളിമരക്കൊമ്പിലെ ഊഞ്ഞാലിൽ 
പുളിയങ്കുരുവിനായ്‌ മത്സരിക്കും 
ഏറ്റമുയരത്തിലെത്താനൂറ്റം കൊള്ളും 
ഉത്രാടരാവിലുപ്പേരിവറുക്കുമെന്നമ്മ 
പറഞ്ഞതുകേട്ടുറങ്ങാതെ ഞാനിരുന്നതും 
കുമ്മാട്ടിക്കളികാണാൻ കുട്ടിമുണ്ടുടുത്തു 
അച്ഛന്റെ ചുമലേറി പൊയതും 
എല്ലാമെല്ലാമൊരോർമ്മയായ്‌-  
മനസ്സിൽ പതഞ്ഞു പൊന്തുന്നു.  

എന്റെ ഓണം എന്നേമരിച്ചു..... 
ഇതുവെറും ചരമദിനം മാത്രം.

16 comments:

മാംഗ്‌ said...

ഓണം നിറമുള്ളൊരോർമ്മയായി
മനസിൽ നിറയുമ്പോൾ
ഓർത്തിരിക്കാനെനിക്കിത്രമാത്രം
ഇനി ഓർമ്മയിൽ സൂക്ഷിക്കാനീ വളപൊട്ടുമാത്രം

ശ്രീ said...

വരികള്‍ മനസ്സില്‍ കൊള്ളുന്നു മാഷേ...

ഓണം മരിയ്ക്കാതിരിയ്ക്കട്ടേ...

ഓണാശംസകള്‍!

മാന്മിഴി.... said...

nannayi ezhuthiyirikkunnallo......

PIN said...

നന്നായി എഴുതിയിരിക്കുന്നു... ആശംസകൾ..

ഓണം മരിച്ചു എങ്കിൽ അത്‌ ഇനിയും ഉയർത്തെഴുന്നേൽക്കണം.നന്മയുടെ മലയാള മനസ്സുകളും, ജീവസ്സുറ്റ പ്രകൃതിയും അതിന്‌ പുനർജനനി ആകട്ടെ..

ഭൂമിപുത്രി said...

വരും കാലങ്ങളിൽ ഓണം പുനർജ്ജനിയ്ക്കട്ടെ എന്നാശംസിയ്ക്കുന്നു മാംഗ്

joice samuel said...

നന്നായിട്ടുണ്ട്....
ന്നന്മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!

ഹന്‍ല്ലലത്ത് Hanllalath said...

നല്ല എഴുത്ത്....
പക്ഷെ ചില്ലക്ഷരങ്ങള്‍ കാണാനെ ഇല്ലല്ലോ
ശ്രദ്ധിക്കുന്നേ ഇല്ല..?!!

ഒന്നു നന്നാക്കാന്‍ ശ്രമിക്കൂ ...
അക്ഷരങ്ങള്‍ സ്മാള്‍ എന്നത് ലാര്‍ജ് ആക്കിയാല്‍ നന്നാവും...
ഏറ്റവും വലുതല്ല ....ഇടത്തരം...ഓക്കേ...?

ഓണാശംസകള്‍

Aisibi said...

ഇടക്ക് തോന്നാറുള്ള ഒരു കാര്യം പറഞ്ഞോട്ടെ? നാമെല്ലാവരും കൂടി..അയ്യോ ഓണം മരിച്ചെ, അയ്യോ പ്ലാസ്റ്റിക്ക് ഇല/പൂവ്, അയ്യോ അയ്യോ എന്നു നിലവിളിച്ച് നിലവിളീച്ച് ഓണത്ത് കൊല്ലുകയാണെന്ന് ഇടക്ക് പേടി തോന്നും. നാമൊക്കെ തന്നെ നമുക്ക് കഴിയും പോലെ സുന്ദരമായി എല്ല കൊല്ലവും ഓണം കൊണ്ടാടിയാൽ..തീർച്ച്യായും നമ്മുടെ മക്കളും അതു കൊണ്ടാടും. ഒരു പക്ഷെ ഊഞ്ഞാലും, തുമ്പിതുള്ളലും ഇനി സാധിക്കാതെ വരുമായിരിക്കും, എന്നലുമില്ലെ ഓണത്തിനു അതിന്റേതായ ഒരു ഭംഗി?

Anoop Technologist (അനൂപ് തിരുവല്ല) said...

:)

സ്മിജ said...

കവിത ഇഷ്ടായീട്ടോ, ചേട്ടാ.
എന്തായീ “മാംഗ്” മാങ്ങയാ?

മാംഗ്‌ said...

ശ്രീ,മാന്മിഴി, -അഭിപ്രായത്തിനു നന്ദി
പിൻ- ഞാനു അങ്ങിനെ തന്നെ ആണു ആഗ്രഹിക്കുന്നതു.
ഭൂമി പുത്രി
മുല്ലപ്പൂവ്‌
അഭിപ്രായങ്ങളുമായി വീണ്ടും ഇവിടം സന്ദർശ്ശിച്ചതിൽ നന്ദി.
ഹൻല്ലലത്‌- ഞാൻ ശ്രദ്ദിക്കാം ഇവിടെ എന്റെ കമ്പ്യൂട്ടറിലും ലാപ്ട്ടൊപ്പിലും എല്ലാം ഭങ്ങിയായി കാണുന്നുണ്ടായിരുന്നു എന്തായലും ഞാൻ അക്ഷരങ്ങൾ വലുതാക്കാം നന്ദി വീണ്ടും വരിക

ആ അഭ്പ്രായത്തിനൊടും ആ ആത്മവിശ്വാസമുള്ള മനസ്സിനെയും ഞാൻ അങ്ഗീകരിക്കുന്നു ഇത്തരം പോസിറ്റിവ്‌ ആയ ശ്രമങ്ങൾ എങ്കിലും നമ്മുടെ സംസ്കാരത്തെ തേയ്മാനങ്ങളില്ലാതെ നിലനിർത്താൻ സഹായിക്കട്ടെ

ആനൂപ്‌ നന്ദി

സ്മിജ ഈ മാംഗ്‌ എന്നതു ഒരു ടിബറ്റൻ പേരാണു ആ പേരിൽ എനിക്കൊരു സുഹൃത്തുണ്ടായിരുന്നു 2004 ൽ ഒരു ഹെലികൊപ്ട്ടർ അപകട്ത്തിൽ അവൻ തായ്‌ലന്റിൽ വച്ചു മരിച്ചു ഞാനും അവനു 2002 ഓൾ ഇന്ത്യ ഇന്റർ വാഴ്സിറ്റി ൽ കേരളാ യൂണിവേഴ്സിറ്റി ക്കു വേണ്ടി ഫുട്ബാൾ കളിച്ചിരുന്നു അവനെന്റെ ഏറ്റ്വും നല്ല ഫ്രണ്ടായിരുന്നു. അവന്റെ മുഴുവൻ നാമം മാംഗ്‌ സിംറ്റേ എന്നായിരുന്നു കേളേജിൽ ഞാൻ മാംഗ്‌ എന്നും അവൻ സിംറ്റേ എന്നു മാണു അറിഞ്ഞിരുന്നതു റൂം മേറ്റ്‌, ക്ലാസ്സ്മേറ്റ്‌,ഗ്രൗണ്ടിലും ഒന്നിച്ചു അങ്ങിനെ മൂന്നു വർഷം

നരിക്കുന്നൻ said...

തൂശനിലയിൽ തുമ്പപ്പൂനിറമുള്ള
സ്നേഹം വിളമ്പുമെന്നമ്മ!
ഓണ നിലാവിന്റെ ഓമനതൊട്ടിലിൽ
താരാട്ടുപാടിയുറക്കുമെന്നമ്മ
മടിയിലിരുത്തി ഒരായിരം
ഓണപാട്ടുകൾ പാടുമെന്നച്ഛൻ!
മുല്ലയും മുക്കുറ്റിയും കൊണ്ടു മുറ്റം നിറയെ
സ്നേഹപൂക്കളം തീർക്കുന്ന ഓണം!

എത്ര മനോഹരമാണീ ഓർമ്മകളിലെ ഓണം... ഈ ഓണം ഒരിക്കലും മരിക്കാതിരിക്കട്ടേ...മരിച്ചെങ്കിൽ ഇനിയും ശക്തിയോടെ പുനർജ്ജനിക്കട്ടേ...

Typist | എഴുത്തുകാരി said...

വരികളിലെ നൊമ്പരം മനസ്സില്‍ തട്ടുന്നു. ഓര്‍മ്മകളിലെങ്കിലും ഉണ്ടല്ലോ ഒരോണം എന്നു് ആശ്വസിക്കാം.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നന്നായിട്ടുണ്ട്. ആശംസകള്‍.

ഗീത said...

ഓണം മരിച്ചിട്ടൊന്നുമില്ല മാംഗ്. ഓണമിന്നും വരുന്നു, മറ്റൊരു രൂപത്തില്‍ എന്നു മാ‍ത്രം.

ഓണ സ്മരണകള്‍ നന്നായിരിക്കുന്നു.

Anonymous said...
This comment has been removed by a blog administrator.