Sunday 16 August 2009

പ്രണയവും ഭക്തിയും

കരിപുരണ്ടൊരു കണ്ണാടിയും.
കരിന്തിരികത്തിയ ഒ‍ാട്ടുവിളക്കും.
മനസ്സാം ശ്രീകോവിൽ തുറന്നപ്പോൾ-
ഞാൻ കണ്ടതിത്രമാത്രമല്ലോ
ശ്ശീവേലിയില്ലാത്ത ശ്രീകോവിലിലിൽ
കാലം പൂജാരിയായെത്തും,
ഇനി യൊരിക്കലും വരാത്തൊരാ ഭക്തയെക്കാത്തീ
ശ്രീകോവിൽ തുറന്നിടട്ടെ
ഞാനെന്റെ നിർമ്മാല്യം മാറ്റിവയ്ക്കട്ടെ
മണിയടിച്ചവളെന്നെയുണർത്തും.
പിന്നെശംഖൂതിയെന്നോടു പറയും.
നാഥാനീയാണെനിയ്ക്കെല്ലാം.
ഇല്ല നീയിനിവരില്ല
എങ്കിലുമെന്റെ പ്രിയഭക്തെ
ക്ലാവുപിടിച്ചൊരാ കൊടിമരച്ചുവട്ടിൽ
കണ്ണടച്ചു കൈകൂപ്പി നീയുണ്ടാകുമെന്നു-
ഞാൻ ഓരോവട്ടവും കരുതും
പ്രണയവും ഭക്തിയുമൊന്നാണെങ്കിൽ!
ഞാനാരാണെന്നെന്നോടാരു പറയും.
കാലമോ കൈവിട്ടസ്നേഹമോ?

Thursday 15 January 2009

മനസ്സ്‌

പ്രണയം ഹൃദയത്തിൻ

ഭാഷയാണെങ്കിൽ

പരിഭവം എന്താണ്‌


വികാരം മനസ്സിന്റെ വിങ്ങലാണെങ്കിൽ

വിചാരം എന്താണ്‌


മൗനം സമ്മതമാണെങ്കിൽ

മോഹം എന്താണ്‌


പ്രാർത്ഥനയപേക്ഷയാണെങ്കിൽ

അതിനൊരാചാരമെന്തിനാണ്‌


സ്നേഹം അഭിനയമാണെങ്കിൽ

ആത്മാർത്ഥതയെവിടയാണ്‌


സത്യം ദൈവമാണെങ്കിൽ

ആൾദൈവങ്ങൾ എന്തിനാണു


ജീവിതം ഒരു സമസ്സ്യയാണെങ്കിൽ

ഉത്തരങ്ങൾ ഒളിച്ചിരിക്കുന്നതെവിടയാണ്‌


ജന്മം ഒരു തടങ്കലാണെങ്കിൽ

മരണമെന്താണു?


അമ്മ ദൈവമാണെങ്കിൽ

അമ്മതൊട്ടിലുകൾ എന്തിനാണു


ചോദ്യങ്ങളുടെ മഴക്കാറുകൾക്ക്‌

പെയ്തൊഴിയാൻ ഉത്തരങ്ങളുടെ-

ഗിരിശൃംഘങ്ങളെവിടയാണു


ഇതെന്റെ മനസ്സാണെങ്കിൽ

എനിക്കെന്താണു?

ഇവരെന്തിനാണെന്നെ ഭ്രാന്തനെന്നു വിളിക്കുന്നതു.