Tuesday, 30 September 2008

Monday, 22 September 2008

ഇനിമുതൽ ഞാൻ തീവ്രവാദി.

"അവനെ പിടികിട്ടിയാൽ എന്റെ മുന്നിൽ കൊണ്ടുവന്നു തൂക്കികൊല്ലുക" മനോരമ പത്രത്തിൽ വന്ന വാർത്ത. ദില്ലി സ്ഫോടനങ്ങളുമായി ബന്ധമുണ്ടു എന്നു പോലീസ്‌ സംശയിക്കുന്ന ഒരുവന്റെ അമ്മ പറഞ്ഞതാണീ വാക്കുകൾ ഈ വാക്കുകളിൽ മകനെ ഒരുപാടു സ്നേഹിക്കുന്ന ഒരമ്മയെ കാണാം ഒരു യഥാർത്ഥ ഭാരത സ്ത്രീയെ കാണാം ആ അമ്മയ്ക്കുവേണ്ടി..


******************************************************


മാറാല പിടിച്ചൊരു മനസ്സിന്റെ വാതിലിൽ
മൗനനൊംബരങ്ങൾ മുട്ടിവിളിച്ചു
എന്റെ മകനേ.. എന്റെമകനേ
ആ കാരാഗൃഹത്തിൽ നീ ഉയിരൊടെയുണ്ടോ
വേദനകൊണ്ടന്നമ്മ ചൊല്ലിയതു
നിന്നെ നോവിക്കാനല്ലെന്നറിയുക
നോംബുനോറ്റീയമ്മ പെറ്റകണ്മണി
ഒരുനാൾ കുരുതിക്കളത്തിലെ
ചുവപ്പായ്‌ പടർന്നു നീ...

അഗ്നിയിൽ തൊട്ടു നീ ശപഥം ചെയ്തു
ഇനിമുതൽ ഞാൻ മനുഷ്യനല്ല
ഇനി മുതലിവളെന്റെ അമ്മയല്ല
പിന്നെ നീ ആര്?
ഇനിമുതൽ ഞാൻ തീവ്രവാദി.
നേരിന്റെ നിറമുള്ള കൈവെള്ള തട്ടിമറ്റി
നെറിവുകേടിന്റെ കാണാക്കയത്തിലേ-
ക്കെടുത്തു ചാടി പിന്നെ നീ
വിശുദ്ദയുദ്ധ്ത്തിന്റെ വിരുതനാം പോരാളിയായി
എന്റെ മകനാണു ശരി
അവൻ എന്റെ മകനല്ലേ
ഈ അമ്മ അപ്പൊഴും ആശ്വസിച്ചു

അമരനാകാൻ കൊതിച്ചമൃതെന്നു കരുതി നീ
ആർദ്ദ്രഹൃദയങ്ങളിൽ സ്ഫോടനം സൃഷ്ടിച്ചു
അശാന്തിതൻ ഉത്തുംഗ്ഗതകളിൽ
രാജാധി രാജനാകാൻ കൊതിച്ചു
മകനേ നീ യൊരു തെറ്റായിരുന്നില്ല
എന്നിട്ടും നിനക്കെവിടയോ തെറ്റി
നോവിൻ നെരിപ്പൊടിലെരിയുന്ന
ഏതോ നിമിഷത്തിലീയമ്മ അറിയാതെ ചൊല്ലി
അവനെ തൂക്കിലേറ്റുക
അറിയുക നീ എന്റെ കണ്മണി
നിന്നെ ഞാൻ അത്രമേൽ സ്നേഹിച്ചിരുന്നു
എന്റെ മകനേ.. എന്റെ മകനേ
ആ കാരാഗൃത്തിൽ നീ ഉയിരോടെയുണ്ടോ...


Tuesday, 9 September 2008

ഓർത്തിരിക്കാനെനിക്കിത്രമാത്രംഇന്നലെ ആരോ എന്നോടു പറഞ്ഞു 
ഓണം മരിച്ചെന്ന് നാളെ ശവമടക്കെന്ന് 
സജലനേത്രങ്ങൾ സ്ഥലകാലം 
മറന്നെന്നെ നിലവിളിക്കാൻ പ്രേരിപ്പിച്ചു 
ഓണം നിറമുള്ളൊരോർമ്മയായി 
മനസിൽ നിറയുമ്പോൾ 
ഓർത്തിരിക്കാനെനിക്കിത്രമാത്രം  
ഇനി ഓർമ്മയിൽ സൂക്ഷിക്കാനീ വളപൊട്ടുമാത്രം 

പുലരി പുതുമഞ്ഞാൽ- 
മുലക്കച്ചകെട്ടിയ നാട്ടു വഴികളിൽ 
പൂക്കളമെണ്ണി നടന്ന ബാല്യം  
ഒരു മുത്തശ്ശിക്കഥയിലെ  
രാജകുമാരനായി 
കഥകേട്ടുറങ്ങിയ ബാല്യ കാലം  
ആരവമായ്‌ ആഹ്ലാദമായ്‌  
ഓണം കടന്നുവന്ന ബാല്യം  

തൂശനിലയിൽ തുമ്പപ്പൂനിറമുള്ള   
സ്നേഹം വിളമ്പുമെന്നമ്മ!   
ഓണ നിലാവിന്റെ ഓമനതൊട്ടിലിൽ  
താരാട്ടുപാടിയുറക്കുമെന്നമ്മ  
മടിയിലിരുത്തി ഒരായിരം  
ഓണപാട്ടുകൾ പാടുമെന്നച്ഛൻ!  
മുല്ലയും മുക്കുറ്റിയും കൊണ്ടു മുറ്റം നിറയെ 
സ്നേഹപൂക്കളം തീർക്കുന്ന ഓണം!   

ഊഴം കാത്തിരുന്നൂഞ്ഞാലാടും 
പുളിമരക്കൊമ്പിലെ ഊഞ്ഞാലിൽ 
പുളിയങ്കുരുവിനായ്‌ മത്സരിക്കും 
ഏറ്റമുയരത്തിലെത്താനൂറ്റം കൊള്ളും 
ഉത്രാടരാവിലുപ്പേരിവറുക്കുമെന്നമ്മ 
പറഞ്ഞതുകേട്ടുറങ്ങാതെ ഞാനിരുന്നതും 
കുമ്മാട്ടിക്കളികാണാൻ കുട്ടിമുണ്ടുടുത്തു 
അച്ഛന്റെ ചുമലേറി പൊയതും 
എല്ലാമെല്ലാമൊരോർമ്മയായ്‌-  
മനസ്സിൽ പതഞ്ഞു പൊന്തുന്നു.  

എന്റെ ഓണം എന്നേമരിച്ചു..... 
ഇതുവെറും ചരമദിനം മാത്രം.

Sunday, 7 September 2008

ഇനി ഞാൻ മടങ്ങട്ടെ

കഥ കണ്ണീരാൽ കടലാസു നനയ്ക്കുംമ്പോൾ
കാലം കവിതകൾ കുത്തിക്കുറിക്കുന്നു .
ഇനി ഓർത്തെഴുതാനൊരോർമ്മ കുറിപ്പുപോലും
ബാക്കിയില്ലാതെ ഞാൻ മടങ്ങുന്നു.

Friday, 5 September 2008

എന്റെ ബാല്യം ഉറങ്ങുന്ന കാവ്‌വിശ്വാസ പച്ചപുതച്ചൊരാ കാവ്‌
പാലപ്പൂ ചൂടിനിന്ന കാവ്‌
അമ്മ ചൊല്ലിയതു കേൾക്കാതെ തീണ്ടിയ കാവ്‌
കാറ്റുകണ്ണാരം പൊത്തിക്കളിക്കുന്ന കാവ്‌
എന്റെ ബാല്യം ഉറങ്ങുന്ന കാവ്‌

പാൽ വള്ളിയും പാലമരവും -
സ്വർണ്ണനിറമുള്ള നാഗവുമുള്ള കാവ്‌
ആത്മാവൊരാണിയായ്‌ പേറുന്ന
കാഞ്ഞിര മരമുള്ള കാവ്‌
സന്ധ്യ നെയ്‌ വിളക്കായ്‌-
തെളിയുന്ന കാവ്‌

എല്ലാമൊരോർമ്മയായ്‌ മാറി
ഇന്നു കാവ്‌ പാഴ്ചെടിതൻ കാട്‌
വിശ്വാസങ്ങൾ പടിയിറങ്ങിയ
കൽ വിഗ്രഹങ്ങൾ കരയുന്ന കാവ്‌
വടയക്ഷിയുപേക്ഷിച്ചൊരാ-
വട വൃക്ഷം കഞ്ചാവ്‌ പുകയ്ക്കുന്ന കാവ്‌

കരിഞ്ഞൊരാകാഞ്ഞിര മരത്തിലെ
കരിയില കവിതയായ്‌ മനസ്സിൽ പിറന്നു
എന്റെ ബാല്യം ഉറങ്ങുന്ന കാവ്‌.