Sunday 16 August 2009

പ്രണയവും ഭക്തിയും

കരിപുരണ്ടൊരു കണ്ണാടിയും.
കരിന്തിരികത്തിയ ഒ‍ാട്ടുവിളക്കും.
മനസ്സാം ശ്രീകോവിൽ തുറന്നപ്പോൾ-
ഞാൻ കണ്ടതിത്രമാത്രമല്ലോ
ശ്ശീവേലിയില്ലാത്ത ശ്രീകോവിലിലിൽ
കാലം പൂജാരിയായെത്തും,
ഇനി യൊരിക്കലും വരാത്തൊരാ ഭക്തയെക്കാത്തീ
ശ്രീകോവിൽ തുറന്നിടട്ടെ
ഞാനെന്റെ നിർമ്മാല്യം മാറ്റിവയ്ക്കട്ടെ
മണിയടിച്ചവളെന്നെയുണർത്തും.
പിന്നെശംഖൂതിയെന്നോടു പറയും.
നാഥാനീയാണെനിയ്ക്കെല്ലാം.
ഇല്ല നീയിനിവരില്ല
എങ്കിലുമെന്റെ പ്രിയഭക്തെ
ക്ലാവുപിടിച്ചൊരാ കൊടിമരച്ചുവട്ടിൽ
കണ്ണടച്ചു കൈകൂപ്പി നീയുണ്ടാകുമെന്നു-
ഞാൻ ഓരോവട്ടവും കരുതും
പ്രണയവും ഭക്തിയുമൊന്നാണെങ്കിൽ!
ഞാനാരാണെന്നെന്നോടാരു പറയും.
കാലമോ കൈവിട്ടസ്നേഹമോ?

Thursday 15 January 2009

മനസ്സ്‌

പ്രണയം ഹൃദയത്തിൻ

ഭാഷയാണെങ്കിൽ

പരിഭവം എന്താണ്‌


വികാരം മനസ്സിന്റെ വിങ്ങലാണെങ്കിൽ

വിചാരം എന്താണ്‌


മൗനം സമ്മതമാണെങ്കിൽ

മോഹം എന്താണ്‌


പ്രാർത്ഥനയപേക്ഷയാണെങ്കിൽ

അതിനൊരാചാരമെന്തിനാണ്‌


സ്നേഹം അഭിനയമാണെങ്കിൽ

ആത്മാർത്ഥതയെവിടയാണ്‌


സത്യം ദൈവമാണെങ്കിൽ

ആൾദൈവങ്ങൾ എന്തിനാണു


ജീവിതം ഒരു സമസ്സ്യയാണെങ്കിൽ

ഉത്തരങ്ങൾ ഒളിച്ചിരിക്കുന്നതെവിടയാണ്‌


ജന്മം ഒരു തടങ്കലാണെങ്കിൽ

മരണമെന്താണു?


അമ്മ ദൈവമാണെങ്കിൽ

അമ്മതൊട്ടിലുകൾ എന്തിനാണു


ചോദ്യങ്ങളുടെ മഴക്കാറുകൾക്ക്‌

പെയ്തൊഴിയാൻ ഉത്തരങ്ങളുടെ-

ഗിരിശൃംഘങ്ങളെവിടയാണു


ഇതെന്റെ മനസ്സാണെങ്കിൽ

എനിക്കെന്താണു?

ഇവരെന്തിനാണെന്നെ ഭ്രാന്തനെന്നു വിളിക്കുന്നതു.


Saturday 20 December 2008

നീ കൂടെയുണ്ടെങ്കിൽ

നീ കൂടെയുണ്ടെങ്കിൽ

നീ കൂട്ടിനുണ്ടെങ്കിൽ

എല്ലാം എല്ലാം എത്ര സുന്ദരം

മഴയായ്‌ മുകിലായ്‌ നീ

മനസ്സിലൊരു ചിത്രം വരയ്ക്കും.

ചിലപ്പോളൊരു കിളികൊഞ്ചലായി

പിന്നെ എന്റെ ഏകാന്ത -

രാവുകളിലൊരു ചിലങ്കതൻ നാദമായി!

പാതിയടഞ്ഞൊരാ കിളിവാതിലിൻ

വിടവിലൂടൊഴുകിയെത്തും നിലാവായി

എന്റെ ഉറക്കത്തിൽ നീയൊരു-

സ്വപ്നമായ്‌ കൂട്ടുവന്നു.

ഉണർന്നിരുന്നപ്പോൾ നീ യൊരു-

പകൽക്കിനാവായ്‌ ചേർന്നിരുന്നു.

വിതുമ്പാൻ തുടങ്ങുമ്പോളൊരു-

കുളിർത്തെന്നലായ്‌ നീയെന്നെത്തഴുകിയില്ലേ

കാലിടറുമ്പോളൊരുകൈത്താങ്ങായി!

കാലൊച്ചയില്ലാതെ നീ പിൻ തുടരും.

കാണാൻ കൊതിക്കുമ്പോളൊരു-

കണിവിളക്കായ്‌ മുന്നിൽ തെളിയും.

ഓർമ്മകളേ നിങ്ങളില്ലായിരുന്നെങ്കിലീ-

ജീവിതം വെറും ഒരുമരുഭൂമി.

Monday 15 December 2008

മനസ്സിലെ മൗനങ്ങളേ

മനസ്സു അതു ചിലപ്പോൾ പറഞ്ഞാൽ കേൾക്കാത്ത ഒരു ധിക്കാരിയാണു ചിലപ്പോഴെങ്കിലും. ചിലപ്പോൾ കൈമൊശം വന്നു പോയേക്കാവുന്ന ഒരു പാട്‌ രഹസ്യങ്ങളുടെ താക്കോൽ,ചിലപ്പോൾ മഴയെയും മൗനത്തിനെയും,മയിൽപീലിയെയും സ്വപ്നം കാണുന്ന ഒരു കൊച്ചു കുഞ്ഞിനെ പോലെ, എന്റെ ഉറക്കം വരാത്ത രാത്രികളിൽ, വിചിത്രമായ യാത്രകളിൽ, ജാറ്റും,ഹഷീഷും,കോളയും മണക്കുന്ന മൊണ്രോവിയയിലെ തെരുവുകളിൽ, കാതടപ്പിക്കുന്ന സംഗ്ഗീതത്തിൽ ക്ലബ്ബുകളിൽ ഒഴുകിതീരുന്ന ലഹരിയിലും പ്രണയം മരിച്ച ശരീരങ്ങൾ ഒഴുക്കുന്ന വിയർപ്പിലും നഷ്ടപ്പെടാതെ. മനസ്സിലെ അവസാനതുള്ളി പ്രണയമെങ്കിലും സൂക്ഷിച്ചു വയ്ക്കാൻ എനിക്കു കഴിയുമോ?

മനസ്സിലെ മൗനങ്ങളേ
ചിരിക്കുന്ന ചിന്തകളേ
നിങ്ങളൊരുകൂടുകൂട്ടു
അതിലൊരു റാണിയായവളും
അതിലൊരു രാജാവായ്‌ ഞാനും

പ്രണയമോടെ സ്വപ്നമോടെ-
യൊരുപൂക്കാലം
ആ തൊടിയിൽ വീണ്ടും വിടരുമോ?
വിരഹം ദൂരെ മാറിനിൽക്കുമോ?

മഴമേഘമെഴുതിയ ഈ-
പ്രണയ കാവ്യം മായ്ക്കാൻ
കാറ്റേ നീ ഈ വഴി വരല്ലേ
താരങ്ങൾതാരാട്ടുപാടുന്ന ഈരാവിലീ-
സ്വപ്നവും താലോലിച്ചിനിയുറങ്ങട്ടെ ഞാൻ.

Wednesday 26 November 2008

മൗനം മഴയായ്‌ പെയ്തൊഴിയുകയായിരുന്നു..

മൗനം മഴയായ്‌ പെയ്തൊഴിയുകയായിരുന്നു..

വീട്ടിലെത്തിയപ്പോ നേരം ഇരുട്ടിത്തുടങ്ങിയിരുന്നു അഞ്ജനയെ ഞാനപ്പോഴാണു കണ്ടതു അല്ല ശ്രദ്ധിച്ചതു എന്നു പറയുന്നതാവു ശരി അമ്മാവന്റെ പ്രാരാബ്ദങ്ങൾ ഒരു നരച്ച വായൽ സാരിയായി അവളുടെ യവ്വനത്തെ പറ്റികിടന്നിരുന്നു.

"അപ്പുവേട്ടനെന്താ താമസിച്ചേ അച്ഛൻ തിരക്കിയാരുന്നു".

തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്ക്ചെയ്യുക

Wednesday 19 November 2008

മൗനം മഴയായ്‌ പെയ്തൊഴിയുകയായിരുന്നു..

നിരന്ന നടപ്പാത കളില്ലാത്ത ഇവിടം എനിക്ക്‌ ഒത്തിരി ഇഷ്ടമായി ജീവിതം പോലെ തന്നെ പരുക്കനും ചിലടത്തൊക്കെ മിനുസമുള്ളതു മായ ഇടവഴികൾ. ഇവിടെ ഞാൻ അപരിചിതനല്ല പേരെടുത്തു വിളിച്ചു സുഖ വിവരങ്ങൾ അന്വേഷിക്കൻ ഒരുപാട്പേരുള്ളപ്പോൾ ഒറ്റപ്പെടലെന്നൊന്നുണ്ടാവില്ലല്ലൊ, കാലം വെള്ളപൂശിയ തലയിൽ വിരലോടിച്ചു അമ്മായി ഇടയ്ക്കിടെ പറയും

" എന്റെ കുട്ടി നീ ഞങ്ങളയൊക്കെ മറന്നൂന്നാ കരുതിയെ ഇത്തവണയെങ്കിലും ഒന്നിത്രടം വരാൻ നിനക്കൂ തോന്നീല്ലോ".

അമ്മായിയുടെ സംസാരം എനിക്കു വളരെ ഇഷ്ടമാണു കമ്മ്യൂണിസ്റ്റുകാരനായ അമ്മാവൻ പണ്ട്‌ ഒളിവിൽ താമസിച്ചിരുന്ന കാലത്ത്‌ അങ്ങ്‌ വടക്കെങ്ങാണ്ടു നിന്നും പ്രേമിച്ചു വിളിച്ചിറക്കി കൊണ്ടു വന്നതാ ഇപ്പൊഴും തിരുവിതാംകൂറിന്റെ മരുമകളായി ത്തന്നെ കഴിയുന്നു എന്നാലമ്മാവൻ തനി തിരുവനന്തപുരത്തുകാരനാണു
ആലോചിച്ചു നടന്നു നടന്നു വായനശാലകഴിഞ്ഞുള്ള പാടവരമ്പിനടുത്തെത്തികാലം എല്ലാത്തിനെയും തനിക്കനുകൂലമായി വളച്ചൊടിച്ചിരിക്കുന്നു ഒരുകാലത്തു മരമടിയും കൊയ്ത്തുപാട്ടും നിറഞ്ഞുനിന്നിരുന്ന പാടത്തു ഇന്നങ്ങിങ്ങായി ചില കണ്ടങ്ങളിൽ നെൽകൃഷി ഉണ്ടെങ്കിലും കുറെസ്ഥലത്തൊക്കെ വാഴയും പടവലവും ഉഴുന്നുമൊക്കെ കുടിയേറിയിരിക്കുന്നു. പെട്ടന്നാണു പിന്നിൽ നിന്നും ഒരു വിളി
"എടാചെറുക്കാ"
തയ്ക്കൂട്ടത്തിലെ തുളസിചേച്ചിയാണു.
"ഞാൻ വായനശ്ശാലയിൽ ഈ ആഴ്ചത്തെ വാരിക കൊടുക്കാൻ പോയത നീ വന്ന കാര്യം അപ്പൊഴാ അറിഞ്ഞതു നിന്നെ കുറിച്ചു പറഞ്ഞു നാവെടുത്തതും അതാ പോകുന്നു നീ.ഞാനെത്ര വിളി വിളിച്ചു നീ എന്തരു ചെറുക്കാ മനോരാജ്യങ്ങളു കണ്ടു നടക്കണതു. സമയത്തും കാലത്തും പെണ്ണുകളു കെട്ടാത്തോണ്ടുള്ള ഏനക്കേടാണു ഇതു".
ഉം.. ഞാനൊന്നു മൂളി
"എന്തരു പറ്റിയതു നീ ഇങ്ങിനെയൊന്നും ആയിരുന്നില്ലല്ലു നീ അങ്ങു വാടിപ്പൊയ്‌ കേട്ടാ".
ഒന്നുമില്ല തുളസ്സി ചേച്ചി വിഷയം ഇനിയും മുന്നോട്ട്‌ പോയാൽ ഉപദേശം തുടങ്ങും എന്നറിയാമെന്നുള്ളതുകൊണ്ടു ഞാൻ ചേച്ചിയുടെ വീട്ടു കാര്യങ്ങൾ തിരക്കി.
"മനോഹരൻ ചേട്ടൻ കഴിഞ്ഞ ഓണത്തിനു വന്നിരുന്നു അമ്മയ്ക്കിപ്പൊ വല്യ കുഴപ്പമൊന്നു മില്ല റ്റിങ്കു സിസ്തെഴുതി നിക്കുന്നു ചെറുക്കൻ പടിക്കൂല്ല".
"ഇപ്പൊ വല്യ വർഷാപ്പ്‌ മേശ്ശിരിയാ".
തുളസ്സി ചേച്ചി പണ്ടും ഇങ്ങിനെയാണു സംസാരിച്ചു തുടങ്ങിയാൽ ബെല്ലും ബ്രേക്കും ഇല്ലാത്ത സൈക്കിൾ പോലെ. എങ്കിലും പാവമാണവർ എന്നെ വല്യകാര്യമാണു മനോഹരൻ ചേട്ടനുമതെ പണ്ടൊരു അവധിക്കാലത്തു മനോഹരൻ ചേട്ടനുമൊന്നിച്ച്‌ കാച്ചാണിയിലെ കള്ളു ഷാപ്പിൽ കള്ളു കുടിക്കാൻ പോയതോർക്കുന്നു ചേട്ടൻ വല്യപുള്ളിയാ നാട്ടിൽ ഹെവിലൈസൻസ്സുള്ള ഒരെ ഒരാൾ ആ അർഥത്തിൽ വേണ്ടതിലും അധികം ബഹുമാനം ചേട്ടനു കിട്ടുന്നുണ്ടായിരുന്നു പുള്ളി നെയ്യാറ്റിൻകര താലൂക്കിൽ പഴയകട എന്നസ്ഥലത്തുനിന്നും വഴയില വന്നു തുളസ്സി ചേച്ചിയെ കെട്ടുകയായിരുന്നു അതോടെ പുള്ള്‌I തനി വഴയിലക്കാരനായി തുളസ്സി ചേച്ചി അങ്ങിനെ ആക്കി എന്നു പറയുന്നതാവും ശരി. എന്തായാലും ആളിപ്പോൾ അങ്ങ്‌ ഗൾഫിലാണു.

"ടാ.. ഒആ..ഹ്ഹ്‌ .. ഈ ചെറുക്കന്റെ ഒരു കാര്യം നീ എന്തോന്നപ്പീ പിന്നേം ഈ ആലോചിക്കണത്‌".
"ഹെയ്‌ ഒന്നുമില്ല ചേച്ചി"
" അതു പോട്ടെ."
"നീ എന്തു പെണ്ണു കെട്ടാത്തെ വയസ്സു പത്തു മുപ്പത്തി രണ്ടായില്ലെ നീ ഇപ്പൊഴും പഴയതൊക്കെ ആലോചിച്ചു നടക്കുവാണൊ?"
" ടാ.. ങാ നീ നടന്നൊ ഞാൻ ഇതുവഴി കയറുകയാ മോളിലത്ത വെളെലു പശുവിനെ കെട്ടിയിട്ടുണ്ട്‌ അഴിച്ചോണ്ടുണം പുവാൻ രണ്ടു നേരം കറവയുള്ളതാ ഞാൻ വരാം നിന്നോടൊരു കാര്യം പറയാനുണ്ട്‌ ഉടനെ വല്ലോം പോകുന്നുണ്ടോ?"
"ഇല്ല ചേച്ചി ഞാനിവിടെ ഉണ്ടാകും"
"ന്നാ ശരി".

വീട്ടിലെത്തിയപ്പോ നേരം ഇരുട്ടിത്തുടങ്ങിയിരുന്നു അഞ്ജനയെ ഞാനപ്പോഴാണു കണ്ടതു അല്ല ശ്രദ്ധിച്ചതു എന്നു പറയുന്നതാവു ശരി അമ്മാവന്റെ പ്രാരാബ്ദങ്ങൾ ഒരു നരച്ച വായൽ സാരിയായി അവളുടെ യവ്വനത്തെ പറ്റികിടന്നിരുന്നു.
"അപ്പുവേട്ടനെന്താ താമസിച്ചേ അച്ഛൻ തിരക്കിയാരുന്നു".
കിണറ്റിൻ കരയിൽ ചെന്നു ഒരു തൊട്ടി വെള്ളം കോരി കാലും മുഖവും കഴുകി ഉമ്മറത്തേക്കു കയറുമ്പോൾ എന്റെ മറുപടിക്കെന്നോണം അഞ്ജന എന്നെ നോക്കുന്നുണ്ടായിരുന്നു
"ഞാൻ വെറുതേ"....
"ഉം.. എനിക്കുമനസ്സിലാവും"

തേങ്ങാപാലൊഴിച്ചുള്ളകഞ്ഞിയും പയറും. ഒരുപാടുനാളായി ഇത്ര രുചിയോടെ എന്തെങ്കിലും കഴിച്ചിട്ട്‌ അതു കൊണ്ടുതന്നെ അത്താഴം നന്നായി കഴിച്ചു .
"തേരിയാദോം....."
റേഡിയോവിൽ നിന്നും ഒഴുകി വരുന്ന പഴയഹിന്ദി ഗാനവും കേട്ടു ഒരു സിഗരറ്റും പുകച്ചങ്ങിനെ യിരുന്നപ്പോൾ ഒരു മൊന്തയിൽ വെള്ളവുമായി അഞ്ജന വന്നു.
"രാത്രിയിലേക്കുള്ള ജീരകവെള്ളമാ മുറിയിൽ വയ്ക്കട്ടെ?"
പണ്ടും അവളങ്ങിനെയായിരുന്നു എന്റെ കാര്യത്തിൽ ഒരു പ്രത്യേക ശ്രദ്ധയും പരിഗണനയും. എന്നെക്കാൾ രണ്ടുവയസ്സിനിളപ്പമാണവൾ പണ്ടൊക്കെ അമ്മയും അമ്മാവനും എപ്പോഴും പറയുമായിരുന്നു അഞ്ജന നിന്റെ പെണ്ണാണു .എന്നു ഞാൻ രാമേട്ടന്റെ മകൾ അശ്വതിയുമായി ഇഷ്ടത്തിലാണു എന്നറിഞ്ഞപ്പോൾ പോലും അവൾ മാത്രം പരിഭവം ഒന്നും കാട്ടിയില്ല അശ്വതി അച്ച്ഛന്റെ കൂട്ടുകാരൻ രാമേട്ടന്റെ മകൾ ഒരു പാവം പൊട്ടിക്കാളി അവളുടെ കവിതകളാണു എന്നെ അവളിലേക്കടുപ്പിച്ചതു.

"മൗനം മഴയായ്‌ പെയ്തിറങ്ങുമ്പോൾവർഷമേഘങ്ങൾ പാടിയ രാഗം
ഞാൻ കേട്ടുഉള്ളിലെ കിനാവുകളോർമ്മകളോടൊരു-
കിന്നാരം ചോദിച്ചകന്നൂ പായാരംചൊല്ലിപിരിഞ്ഞു"

എന്റെ അശ്വതി അവളെന്റെ കാമുകി മാത്രമായിരുന്നില്ല അമ്മ, സഹോദരി, സുഹൃത്ത്‌, ഭാര്യ,അതിലുമൊക്കെ അപ്പുറം എന്തൊക്കയൊ ആയിരുന്നു. ഞങ്ങളുടെ പ്രണയം വീട്ടിൽ എതിർപ്പുകളൊന്നും ഉണ്ടാക്കിയില്ല അവന്റെ ജീവിതം അവനു തിരഞ്ഞെടുക്കാം എന്ന അച്ച്ഛന്റെ പ്രസ്താവന അമ്മയുടെ വായും അടപ്പിച്ചു പക്ഷെ അതോടെ ഒന്നും പറയാതെ പതിയെ അമ്മാവനും അമ്മായിയും അഞ്ജനയും ഒക്കെ ഞങ്ങളിൽ നിന്നും അകലുകയായിരുന്നു അതു മനസ്സിലാക്കാൻ പോലും എനിക്കു കഴിഞ്ഞില്ല മനസ്സിലാക്കിയപ്പോഴെക്കും ഒരുപാട്‌ വൈകി.

വിവാഹനിശ്ചയം കഴിഞ്ഞ അന്നാണു അശ്വതിക്കു ജോലിക്കുള്ള അഭിമുഖത്തിനു ക്ഷണിച്ചു കൊണ്ടുള്ള കത്ത്‌ കിട്ടുന്നതു അവളെന്നോട്‌ പോകണോ എന്നു ചോദിച്ചതാണു പോകണ്ടാ എന്നുപറയാൻ തോന്നിയില്ല അഭിമുഖവും എഴുത്ത്‌ പരീക്ഷയും കണ്ണൂർ വച്ചായിരുന്നു അവളും രാമേട്ടനും കൂടെയാണുപോയതു പിറ്റേന്നത്തെ പത്രത്തിൽ പാലം തകർന്നു കടലുണ്ടിപ്പുഴയിൽ മുങ്ങിയ ഒരു തീവണ്ടിയുടെചിത്രമുണ്ടായിരുന്നു എന്റെ ഉള്ളിലെ കിനാവുകളോടു കിന്നാരം ചോദിച്ചകലുകയായിരുന്നു അവൾ,എന്നെ ഓർമകൾക്കു വിട്ട്കൊടുത്ത്‌.

അകലെ എവിടയോനിന്നൊരു പാതിരാക്കോഴികൂകി

"ഉറക്കം വരുന്നില്ലെ"?
അഞ്ജനയാണു അവളിത്രനേരവും തന്റെ തൊട്ടടുത്തുണ്ടായിരുന്നോ എനിക്കു വീണ്ടും എന്നോട്‌ വെറുപ്പു തോന്നി. പാവം ഇത്ര നേരം തന്റെ അടുത്തിരുന്നിട്ടും താനൊരുവാക്കുപോലുമവളോട്‌ മിണ്ടിയില്ല.
"നീ കിടന്നില്ലായിരുന്നോ ?"
"ഞാൻ എന്തൊക്കയോ ആലോചിച്ചിരുന്നുപോയി"
"പണ്ടും അതെ അപ്പുയേട്ടൻ ഒരിക്കലും അഞ്ജനയെ ശ്രദ്ധിച്ചിരുന്നില്ല"
അവളുടെ മറുപടി ഞാനതു കേട്ടതായി നടിച്ചില്ല ഒത്തിരി താമസിച്ചു
ഇനികിടക്കാം "
അഞ്ജനയും പോയി കിടന്നോളു"
"ഞാനും കിടക്കട്ടെ നാളെ രാവിലെ പോകേണ്ടതാഎങ്ങോട്ട്‌?"
"നാളെ ഞാൻ തിരിച്ചു പോയാലൊ എന്നാലോചിക്കുകയാ"
"എന്താ ഇത്ര പെട്ടന്നു ഞങ്ങളെ ഒക്കെ മടുത്തോ"
"അതല്ല പോയിട്ട്‌ ചില അത്യാവശ്യങ്ങൾ"
യാതൊരാവശ്യവും ഉണ്ടായിരുന്നില്ല അതികൊണ്ടു തന്നെ എന്തു പറയണം എന്നു ഞാൻ ഒരുനിമിഷം ചിന്തിച്ചു.

ഈ ഇടയായി ഉറക്കത്തിൽ എപ്പോഴും ഞാൻ മഴസ്വപ്നം കാണുന്നു കുടയില്ലാതെ പാടവരമ്പിലൂടെ നടന്നുവരുന്ന അശ്വതി അവൾനനഞ്ഞിട്ടുൻണ്ടായിരുന്നു നെറ്റിയിലെ സിന്ദൂരം നാസികയിലൂടെ രക്തതുള്ളികൾ പോലെ ഒഴുകിയിറങ്ങുന്നു എന്തോ ഒച്ചകേട്ട്‌ ഉണർന്നപ്പോൾ ജനാലയിലൂടെ ഒരു പൂച്ച ചാടിപോകുന്നതു കണ്ടു പുറത്ത്മഴപെയ്യുന്നുണ്ടൊ?

വാച്ചെടുത്തു സമയം നോക്കി മണി ഏഴു കഴിഞ്ഞിരിക്കുന്നു പുറത്തു മഴയുടെ ഇരമ്പം കേൾക്കാം പെട്ടന്നെഴുന്നേറ്റു അമ്പലത്തിൽപോകണം അമ്മ പ്രത്യേകം പറഞ്ഞതാണു ഏതോജോൽസ്യൻ പറഞ്ഞുപോലും തനിക്കെന്തക്കയൊ ദോഷങ്ങളുണ്ടു മാറാൻ കുടുംബക്ഷേത്രത്തിൽ മുടങ്ങാതെ പത്തുദിവസം പൂജ.ആ കാര്യങ്ങളൊക്കെ അമ്മ അമ്മായിയെയും അമ്മാവനെയുമാണു ഏൽപ്പിച്ചിരിക്കുന്നതു ഇന്നു അവസാനത്തെ ദിവസമാണു.

ബാഗുമെടുത്ത്‌ അമ്മാവനോടും അമ്മായിയോടും യാത്രപറഞ്ഞിറങ്ങുമ്പോൾ അഞ്ജനയെ കണ്ടില്ല എന്റെ ഭാവം കണ്ടിട്ടാകണം അമ്മായി പറഞ്ഞു അവളമ്പലത്തി പോയിരിക്കുവാ നീ അമ്പലത്തികയറിയിട്ടല്ലേ പോകൂ അതെ എന്നു പറഞ്ഞു പടിയിറങ്ങുംബൊ മാനം തെളിഞ്ഞിരുന്നു അമ്പൽത്തിലേക്കുള്ള വരമ്പിലേക്കു കയറിയതും അതുവരെ ഒളിച്ചിരുന്ന മഴ പിന്നെയും തുടങ്ങി പെട്ടന്നുതന്നെ മഴകനത്തു നനയുകയെ നിവൃത്തിയുണ്ടായിരുന്നുള്ളു അടുത്തെങ്ങും ഒരു വൃക്ഷത്തലപ്പുപോലും ഉണ്ടായിരുന്നില്ല. അമ്പലത്തിൽ ഞാനവളെ കണ്ടില്ല പോയിക്കാണും എന്നുകരുതി പ്രസാദവും വാങ്ങി പോകാൻ തുടങ്ങുകയായിരുന്നു അപ്പൊഴാണു
എവിടുന്നൊ ഒടിക്കിതച്ച്‌ അഞ്ജന വന്നതു നീല കരയുള്ള വെള്ളപ്പുടവയിൽ അവളൊരു ആമ്പൽപൂ പോലെ സുന്ദരിയായി തോന്നി.

"എനിക്കറിയാം പണ്ടുമതെ എന്നെ ഇഷ്ടമല്ല എന്നോട്‌ യാത്ര പോലും പറയാതെ പോകുകയാണല്ലേ?
അവളാകെ നനഞ്ഞിരുന്നു ബലിക്കൽ പുരയുടെ അരികുപറ്റി നിൽക്കുമ്പോൾ അവളറിയാതെ വിതുമ്പുന്നുണ്ടായിരുന്നു ഭഗവതിയുടെ പ്രസാദം രക്തചാലുപോലെ ഒഴുകി നാസികത്തുമ്പിൽ വീഴാൻ വെമ്പി നിന്നു..ഞങ്ങൾക്കിടയിലെ മൗനം മഴയായ്‌ പെയ്തൊഴിയുകയായിരുന്നു..

Monday 17 November 2008

ചൊവ്വാദോഷം

കാതടപ്പിക്കുന്ന ശബ്ദം തന്റെ ഉറക്കത്തിനു ഭംഗ്ഗം വന്നതിലുള്ള അസ്വാരസ്സ്യത്തോടെ കണ്ണു തുറക്കുമ്പോൾ ബസ്സ്‌ മറയൂർ എത്തിയിട്ടുണ്ടായിരുന്നു
"ബസ്സുകേടായെന്നാ തൊന്നുന്നെ"..
എന്ന്പറഞ്ഞു അടുത്തിരുന്ന വൃദ്ധൻ എഴുന്നേറ്റു ഇനി അമരാവതിയിലേക്കുള്ള ഒൻപതിന്റെ ബസ്സുതന്നെ ശരണം. ഡ്രൈവർ അപ്പോഴും ബസ്സിന്റെ എഞ്ചിൻ നിറുത്താൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു.

വീണ്ടും ഒരിക്കൽ കൂടി ഇങ്ങോട്ടു വരണം എന്നു കരുതിയതല്ല പക്ഷെ തന്റെ ചോരയിൽ ഒരു കുഞ്ഞുണ്ടെന്നറിയുമ്പോൾ ഏതു പിതാവിനാണു വരാതിരിക്കാൻ കഴിയുക. അതും താനിന്നോളം കാണാത്ത തന്റെ മകൾ. അവിടവിടയായി തല ഉയർത്തി നിൽക്കുന്ന കരിമ്പനകൾ ജംഗ്ഗ്ഷനിലെ കുരങ്ങൻ മാർ ഒന്നിനും ഒരു മാറ്റവും ഉണ്ടായിട്ടില്ല ആകെയുള്ള മാറ്റം ജംഗ്ഗ്ഷനിൽ ചന്ദനാബാറിനടുത്തായി ഒരു ഇന്റെർനെറ്റ്‌ കഫേ വിവരസാങ്കേതിക വിദ്യ മുക്കിലും മൂലയിലും വരെ എത്തിയിരിക്കുന്നു. അടിമാലിയിൽ വച്ചുകാറു കേടായില്ലായിരുന്നെങ്കിൽ ഇന്നലെ രാത്രിതന്നെ മൂന്നാറെത്തേണ്ടതായിരുന്നു അവിടുന്നു രാജീവനെയും കൂട്ടി മറയൂർക്ക്‌ വരാനായിരുന്നു പ്ലാൻ ഇനിയിപ്പൊ രാജീവനെകാത്തുനിൽക്കേണ്ടിവരുമോ എന്തൊ

അതു രാജീവന്റെ കാറല്ലെ ആണെന്നാണു തൊന്നുന്നതു ചുവപ്പു ഫോർഡ്‌ എണ്ടീവർ അങ്ങിനെ എന്തൊ അല്ലെ അവൻ പറഞ്ഞതു ങാ അപ്പൊ അവൻ രാവിലെ ബാറിലാണൊ ബാറിന്റെ മുന്നിലാണല്ലൊ കാറു കിടക്കുന്നതുഎന്തായാലും അവന്റെ മൊബയിലിൽ വിളിക്കാം നാശം എയർട്ടെല്ലിനു കവറേജില്ല അവൻ പ്രത്യേകം പറഞ്ഞാതാ മൂന്നാർ കഴിഞ്ഞാൽ പിന്നെ അവിടവിടയായി ബി എസ്സ്‌ എൻ എൽ മാത്രമെ ഉണ്ടാകൂ എന്നു അടുത്ത്കണ്ട ഒരു ടെലിഫോൺ ബൂത്തിൽ കയറി അവനെ വിളിച്ചു

ഒരുപാടു നാളായിരിക്കുന്നു അവനെ കണ്ടിട്ടു എറണാകുളത്തായിരുന്നപ്പോൾ അവൻ ഇടയ്ക്കിടെ വരുമായിരുന്നു പണ്ടെപ്പഴൊ വയിറ്റ്ഫോർട്ട്‌ ഹോട്ടലിൽ വച്ച്‌ മോഹൻലാലിനെ കണ്ടെന്നും പറഞ്ഞു വരുമ്പോഴൊക്കെ എന്നെയും കൂട്ടി അവിടെപോകുമായിരുന്നു. അവന്റെ ഇഷ്ട താരമാണു അന്നു തൊട്ടെ മോഹൻലാൽ. അവന്റെ അപ്പൻ മൂന്നാറിലെ പേരുകേട്ട ഒരു പ്ലാന്ററാണു ഹൈറേഞ്ച്‌ ക്ലബ്ബിലെ ഏറ്റവും വലിയ റമ്മിപ്ലയർ. പിന്നീടെനിക്കു ബാഗ്ലൂരിലേക്കും അവിടുന്നു കോംഗോ യിലേക്കും പോകേണ്ടി വന്നതോടെ നാടുമായുള്ള എല്ലാബന്ധവും അറ്റുപോകുകയായിരുന്നു എങ്കിലും രാജീവനെ ഇടയ്ക്കിടെ വിളിക്കുമായിരുന്നു അവനായിരുന്നല്ലൊ അന്നും ഇന്നും എന്നും എനിക്കും ഉമയുക്കും ഇടയിലെ ഹംസം പക്ഷെ ഒരുപാടുനാളുകൾക്കു ശേഷം അവൻ കഴിഞ ആഴ്ച്ച എന്നെ വിളിച്ചു ഞാൻ ഈ ലോകത്ത്‌ ഒറ്റയ്ക്കല്ല എന്നറിയിക്കാൻ.

"ഹലോ ങാ..നീ എത്തിയൊ വഴിയിൽ ആന ഇറങ്ങി എന്നു ജീപ്പുകാരു പറയുന്ന കേട്ടു.. അപ്പൊ നീ താമസിക്കുമെന്നാ ഞാൻ കരുതിയതു ങാ ഞാനിവിടെ ഉണ്ടുദാ വരുന്നു ഒരു നിമിഷം".
"കാറിനടുത്തു തന്നെ നില്ല്"..

ഫോൺ വച്ചു കാറിനടുത്തെത്തും മുന്നെ തന്നെ അവൻ എവിടുന്നൊ വന്നു കാർ സ്റ്റാർട്ട്‌ ചെയ്തു കഴിഞ്ഞിരുന്നു. കാറിലേക്കു കയറുമ്പോൾ തന്നെ അവൻ പറഞ്ഞു നീ ഒന്നു കൊണ്ടും വിഷമിക്കണ്ട എല്ലാം ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്‌ അമ്മുമോൾക്കുള്ള പാസ്പോർട്ടടക്കം. ടിക്കറ്റു നീ ശരിയാക്കാമെന്നു പറഞ്ഞതുകൊണ്ട്‌ ഞാൻ അതു മാത്രം നോക്കിയില്ല അതു സാരമില്ല ടിക്കറ്റും ഒ‍ാൺ അറൈവൽ വിസയും ഞാൻ ശരിയാക്കിയിട്ടുണ്ടു

മറയൂർ ജംഗ്ഗ്ഷനിൽ നിന്നും വെറും പത്തുമിനിട്ടിന്റെ യാത്രയെ ഉള്ളു ഉമയുടെ വീട്ടിലേക്കു.അവളുടെ അച്ച്ഛൻ മറയൂർ ഇലക്ട്രിസിറ്റി ഒഫീസിൽ എഞ്ചിനീയർ ആയിരുന്നു അമ്മ തമിഴ്നാട്ടിലെ വിൽപ്പുറം ജില്ലയിൽ കൊണ്ടട്ടിയൂർ ദേശക്കാരിയും. അങ്ങിനെയാണു ഉമാദേവി എന്ന എന്റെ ഉമ പകുതി തമിഴത്തിയായതു. മദ്രാസ്സ്‌ യൂണിവേഴ്സിറ്റിയിൽ ബിസിനസ്സ്‌ മാനേജ്‌ മെന്റിന്റെ അവസാന വർഷം ഞാനും രാജീവനും ഒക്കെ ഉൾപ്പെട്ട ഒരു സഘം നോർത്ത്‌ ഇൻഡ്യയിലേക്കുള്ള എഞ്ചിനിയറിങ്‌ വിദ്യാർത്ധികളുടെ ഒപ്പം ടൂറു പോകുന്നു ആ ടൂ റിനിടയിലാണു ഞാൻ ആദ്യമായി എന്റെ ഉമയെ കാണുന്നതു.

ആ കണ്ടുമുട്ടൽ പരിചയത്തിലേക്കും പ്രണയത്തിലേക്കും വളരാൻ അധികം താമസം ഉണ്ടായില്ല.
വിഷാദ ഛവിയുള്ള അവളുടെ മുഖവുംചിരിക്കുംമ്പോൾ തെളിഞ്ഞു വരുന്ന നുണക്കുഴികളും അവളെ കൂടുതൽ സുന്ദരിയാക്കിയിരുന്നു പ്രണയം മഞ്ഞായി പെയ്തിറങ്ങുമ്പോൾ താഴ്വരയിൽ കൈകോർത്തു പിടിച്ച്‌ ഞങ്ങൾ നടക്കാറുണ്ടായിരുന്നു

"ശിവാ നീ എന്താലോചിച്ചിരിക്കുവാ വീടെത്തി വാ" ..

പുറത്തേക്കിറങ്ങുമ്പോൾ ഞാനാദ്യം നോക്കിയതു തേൻ വരിക്കയോട്‌ ഇണചേർന്നു നിൽക്കുന്ന മുല്ലയെയാണു ഉമയെപ്പോഴും പറയുമായിരുന്നു അവളുടെ മുല്ലയെക്കുറിച്ചും തേൻ വരിക്കപ്ലാവിനെ കുറിച്ചുമെല്ലാം വർത്താനം കേട്ടാൽ ഒരിക്കലും തോന്നില്ല ഒരു എഞ്ചിനിയറിങ്ങ്‌ വിദ്ധ്യാർഥിയാണു സംസാരിക്കുന്നതെന്നു ഇറയത്തേക്കുകയറുമ്പോൾ ചുവരിൽ ഒരു പ്ലാസ്റ്റിക്‌ മുല്ല മാല ഇട്ട ഉമയുടെ ഫോട്ടൊ മഞ്ഞുകൊണ്ടൊ അതൊ കണ്ണുനിറഞ്ഞിരുന്നതുകൊണ്ടൊ എനിക്ക്‌ വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നില്ല രാജീവനോടൊപ്പം അകത്തേക്കു നടക്കുമ്പോൾ മനസ്സു മുഴുവൻ അവളായിരുന്നു ഉമ. പിന്നെ അമ്മുമോളെ കാണാനുള്ള വെമ്പലും.

തൈലത്തിന്റെയും ആയുർവേധമരുന്നുകളുടെയു മനം മടുപ്പിക്കുന്ന ഗന്ധം മൂക്കിൽ തുളഞ്ഞു കയറുന്നുണ്ടായിരുന്നു അരണ്ടവെളിച്ചമുള്ള ആ മുറിയിൽ കിടക്കുന്നതു ഉമയുടെ അച്ച്ഛൻ ആണെന്നു മനസ്സിലാക്കാൻ തന്നെ വിഷമം. ചുറ്റും നിൽക്കുന്ന പലരും അപരിചിതരാണെങ്കിലും രാജീവനുണ്ടായിരുന്നതു കൊണ്ടും ശിവപ്രസാദ്‌ താനെ യതു എന്നു ചോദിക്കുന്നതു കേട്ടതു കൊണ്ടും ഞാൻ മടിക്കാതെ അടുത്തു ചെന്നു ആരൊ ഒരു സ്റ്റൂൾ കൊണ്ടുവന്നു എന്നോടതിലിരിക്കാൻപറഞ്ഞു
നിറഞ്ഞുവരുന്ന കണ്ണുകളും നിശ്വാസവും എന്നോടെന്തക്കയൊ. പറയുന്നുണ്ടായിരുന്നു എന്റെ കുട്ടിയെ എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞില്ല നീ തിരിച്ചുവരും എന്ന്‌ അവൾ അവസാനം വരെ പ്രതീക്ഷിച്ചിരുന്നു എന്നെങ്കിലും നീ തിരിച്ചു വന്നാൽ നിനക്കു തരാൻ അവൾ എന്നെ ഏൽപിച്ചതാണു അമ്മുമോളെ ഇനിയും എനിക്കാ സമ്മാനം സൂക്ഷിക്കാനുള്ള കരുത്ത്‌ ഉണ്ടെന്നെനിക്കു തോന്നുന്നില്ല

ഉമയെ മറക്കാൻ ഒരിക്കലാവശ്യ പെട്ട അതെ മനുഷ്യൻ തന്നെ യാണു ഇതൊക്കെ ഇന്നു എന്നോടു പറയുന്നതും അവളൊരുകല്യാണമൊക്കെ കഴിച്ച്‌ സുഖമായി ജീവിക്കുന്നുണ്ടാകും എന്നാണു കരുതിയതു പക്ഷെ അവൾക്കൊരിക്കലും എന്റെ സ്ഥാനത്തു മറ്റൊരാളെ സങ്കൽപ്പിക്കാൻപോലും കഴിഞ്ഞിരുന്നില്ല ഉമയ്ക്കു ചൊവ്വാദോഷമുണ്ടു ചൊവ്വാദോഷമുള്ള ജാതകമെ ചേരു മോനിതിൽ നിന്നും ഒഴിവാകണം എല്ലാപൊരുത്തവും ഒത്ത ഒരു പോലീസുകാരന്റെ ആലോചനവന്നിട്ടുണ്ടു അവളുടെ അമ്മവീട്ടുകാർക്കും അതിലാ താൽപര്യം ചെറുക്കൻ അവളുടെ അമ്മയുടെ ബന്ധു കൂടിയാണു. അവളുടെ അച്ച്ഛനു ഇനി മടങ്ങി വരില്ല എന്നു വാക്കു കൊടുത്തന്നു മലയിറങ്ങിയപ്പോൾ ഉമയ്ക്കുമുന്നിൽ സ്വയം ഒരു ചതിയനാവുകയായിരുന്നു അവളുടെ നന്മയ്ക്കുവേണ്ടി ഒടുവിലൊരു പാടു വേഷം കെട്ടലുകൾക്കു ശേഷം കാലം തന്നെ മടക്കിവിളിച്ചിരിക്കുന്നു അതും പ്രായശ്ചിത്തം ചെയ്തുകൊണ്ടു

കലങ്ങിമറിഞ്ഞ എന്റെ ഉള്ളിൽ നിന്നും ചില മൂളലുകൾ മാത്രം അനുസ്യൂതം പുറപ്പെട്ടുകൊണ്ടിരുന്നു കണ്ണുകളപ്പോഴും അമ്മുവിനെയായിരുന്നു തേടിയതു.
പ്രണയവും പ്രിയപ്പെട്ടവളും എല്ലാം ജാതക ദോഷത്തിൽ തട്ടി തെറിച്ചുപോയിട്ടും കാലം തനിക്കായി കരുതിവച്ച തന്റെ അമ്മുമോൾ.

അപ്പൂപ്പനെ വിട്ടുപോരുമ്പോൾ എന്റെ അമ്മു ഒട്ടും പിണക്കം കാണിച്ചില്ല മാത്രവുമല്ല അച്ച്ഛാ എന്നു വിളിച്ച്‌ അവൾ തന്റെ ചുമലിൽ ഒട്ടിക്കിടക്കുകയും ചെയ്തു. നാലു വയസ്സേ ആയിട്ടുള്ളു എങ്കിലും അവൾ ഒരുപാടു മുതിർന്ന ഒരുകുട്ടിയെ പോലെ തോന്നി.

എല്ലാം മുത്തച്ച്ഛൻ പഠിപ്പിച്ചതാവും. അമ്മുവിന്റെ കയ്യും പിടിച്ച്‌ വീണ്ടും ഒരിക്കൽ കൂടി തേൻ വരിക്കയെയും മുല്ലയെയും കാണാൻ പോയി. എന്റെ ഉമ ഉറങ്ങുന്നതു അവർക്കരികിലാണല്ലൊ മുല്ലയുംതേൻ വരിക്കയും ഞങ്ങളെ നൊക്കി ഒന്നു ചിരിച്ചെന്നു തൊന്നുന്നു ഒരു മന്ദ മാരുതൻ ഞങ്ങളെ തഴുകി കടന്നു പോയി.

മടക്കയാത്രയിലുടനീളം രാജീവനെന്തക്കയൊ പറയുന്നുണ്ടായിരുന്നു.മനസ്സപ്പോഴും മേഘങ്ങൾക്കിടയിലൂടെ മഞ്ഞിന്റെ തണുപ്പിനെ പുൽകി ഒരുശലഭത്തെ പോലെ പറന്നു നടക്കുകയായിരുന്നു.എല്ലാം യാദൃഛികതകളായി തോന്നുന്നു അതൊ ചൊവ്വതന്നോടു മാപ്പുപറയുകയാണൊ ചൊവ്വാദോഷം കൊണ്ടെനിക്കുനഷ്ടപ്പെട്ട എന്റെ ഉമ. ഇപ്പൊ ദാ ഈ ചൊവ്വാഴ്ച്ച എനിക്കമ്മുവിനെ തരുന്നു എനിക്കിപ്പോൾ ചൊവ്വയോടു ദേഷ്യമില്ല. എനിക്കീ ലോകത്തോടുതന്നെ സ്നേഹം തോന്നുന്നു എന്റെ അമ്മുവിനോടെന്നപോലെ എന്റെ ഉമയോടെന്നപോലെ അവരാണല്ലോ എന്റെ ലോകവും. അയ്യാളമ്മുവിനെ നെഞ്ചോടു ചേർത്തു പിന്നെ പതിയെ കണ്ണടച്ചു കിടന്നു.

Friday 14 November 2008

വാടകവീട്‌

മനസ്സിന്റെ ഇരുണ്ട ഗർത്തങ്ങളിൽ വീണു മരിക്കുന്ന അനേകം സ്വപ്നങ്ങളിൽ ഒന്നായി ഇതും മാറുമായിരിക്കും. അറിയില്ല പാടില്ലാത്തതാണു എത്ര ഭംഗ്ഗി‍ൂള്ളതാണെങ്കിലും എത്രാകർഷകമാണെങ്കിലും എത്ര മാത്രം അവളെന്നെ സ്നേഹിക്കുന്നു എന്നു പറഞ്ഞാലും മറ്റൊരാളിൻന്റെ ഭാര്യയെ സ്വന്തമാക്കാൻ ആഗ്രഹിക്കുക എന്നു പറഞ്ഞാൽ അതു ഒരു വലിയ തെറ്റു തന്നെ ആണു.

എന്തിനാണിവൾ എനിക്കു ഫോൺ ചെയ്യുന്നതു എല്ലാദിവസവും എന്നെ ചായ കുടിക്കാൻ കോഫി ഷോപ്പിലേക്കു ക്ഷണിക്കുന്നതു ഞാനൊരു കല്യാണം കഴിഞ്ഞ പുരുഷനാണെന്നു അവൾക്കറിയാം എന്നിട്ടും ഈ കാലത്തെ സ്ത്രീകൽക്കു എന്തൊക്കെ തരം വിചിത്ര സ്വഭാവങ്ങളാണു. ഈശ്വരാ എങ്ങിനെ എങ്കിലും ഈ പ്രലോഭനത്തെ അതിജീവിച്ചെ മതിയാകൂ. സമയം നാലു കഴിഞ്ഞു ഇനി ഒരു മണിക്കൂർ കൂടി അതുകഴിഞ്ഞാൽ ഇറങ്ങാം അല്ലെങ്കിൽ അതു വേണ്ട ഇപ്പൊ വിളിച്ചു ആ ബ്രോക്കർ ഭാസ്കരനോടു വരാൻ പറയാം അയ്യാളെയും കൊണ്ടു വീടു തപ്പാൻ തുടങ്ങിയിട്ടു മാസം ആറു കഴിഞ്ഞു ഒന്നുകിൽ വാടക കൂടുതൽ അല്ലെങ്കിൽ അഡ്വാൻസ്‌ കൂടുതൽ എല്ലാം ഒത്തു വന്നാൽ സൗകര്യം കുറവൊ ദൂരക്കൂടുതലൊ കല്യാണം കഴിഞ്ഞിറ്റെട്ടു മാസം കഴിഞ്ഞു സുമതിയും ഒത്തുള്ള ജീവിതത്തെ കുറിച്ചു എന്തൊക്കെ സ്വപ്നങ്ങളായിരുന്നു നേരെ ബാഗുമെടുത്തിറങി സൂപ്രണ്ടു മൂന്നു മണിക്കേ പോയി മോന്റെ സ്കൂളിൽ പി റ്റി എ മീറ്റിങ്ങ്‌ ഉണ്ടത്രെ പോകാൻ നേരം പതിവു ചോദ്യവും എന്തായി ശ്രീ കുമാറെ വീടന്ന്വേഷണമൊക്കെ ഈ ജന്മത്തിലെങ്കിലും നിങ്ങൾക്ക്‌ ഒന്നിച്ചു ജീവിക്കാനുള്ള ഭാഗ്യമുണ്ടാകുമൊ?

ആരറിയുന്നു എന്റെ ധർമ്മസങ്കടം ഭാര്യക്കും ഭർത്താവിനും ഗവർമെണ്ടു ഉദ്യോഗം രണ്ടു പേരും ഒരെ നഗരത്തിൽ വെറും കിലോ മീറ്ററുകളുടെ വെത്യാസത്തിൽ ജൊലിചെയ്യുന്നു രണ്ടു പേർക്കും അഞ്ച്ക്ക ശംബളം പുറമെ നിന്നു എന്തിനു സ്വന്തകാർക്കുപോലും അസൂയ തോന്നിപോകുന്ന ജീവിത സാഹചര്യങൾ പറഞ്ഞിട്ടെന്തു കാര്യം ഭാര്യയെ ഒന്നു നേരെ ചൊവ്വെ കണ്ടിട്ടു മാസങ്ങൽ കഴിഞ്ഞു. ഒന്നു സംസാരിക്കാൻ അവളുടെ കാച്ചെണ്ണ മണമുള്ള മുടിയിൽ വിരലോടിച്ചു കാതിൽ കിന്നാരം ചൊല്ലി മഴയുള്ള രാവുകളിൽ ഉറങ്ങാതെ കിടക്കാൻ എല്ലത്തിനും ഒരു വാടകവീടെങ്കിലും കിട്ടിയെ മതിയാകൂ
ചിന്തകളെ മുറിച്ചു കൊണ്ടു ഫോൺ ശബ്ദിച്ചതപ്പോഴാണു. ഹൊ നാശം ഇതു അവളാണു ആദ്യമൊക്കെ ശ്രീ യേട്ടാ എന്നു വിളിച്ചു കൊണ്ടുള്ള കൊഞ്ച്ലായിരുന്നു ഇപ്പൊ ഇടയ്ക്കിടെ ഇതുപോ ലെ വിളിക്കും ചിലപ്പൊ ഒന്നും സംസാരിക്കില്ല ചിലപ്പൊ അങ്ങേത്തലയ്ക്കൽ നിന്നു തേങ്ങികരച്ചിൽ കേൾക്കാം എന്താണിവളുടെ പ്രശ്നം ഇടയ്ക്കെപ്പഴോ ഭാസ്കരൻ ഈ കേസു കൈകാര്യം ചെയ്തുതരാമെന്നേറ്റതാണു ഞാൻ നംബർ കൊടുക്കുകയും ചെയ്തു ഭാസ്കരൻ വിളിച്ചു വിരട്ടിക്കാണും അതിനുശേഷം കൊഞ്ചലില്ല ഇതുപോലെ ഇടക്കിടെ വിളിച്ചു തേങ്ങിക്കരയും ഞാൻ ഫോൺ എടുക്കണ്ട എന്നു തീരുമാനിച്ചു എന്നിട്ടു വേഗം നെഹ്രു പാർക്കിലേക്കു നടന്നു അവിടെ ആണു ഭാസ്കരൻ കാത്തു നിൽക്കാമെന്നു പറഞ്ഞതു

എന്തായാലും ഇന്നു ഭാസ്കരനെ വിളിക്കേണ്ടി വന്നില്ല ഞാൻ ചെല്ലുംബോൾ തന്നെ എന്നെയും കാത്തു പാർക്കിനുമുന്നിൽ തന്നെ നിൽപുണ്ടായിരുന്നു. ഈ വീടെന്തായാലും സാറിനിഷടപെടും എന്നു പറഞ്ഞപ്പൊ ഞാൻ പതിവു ജാടയാണന്നല്ലെ കരുതിയതു പക്ഷെ സങ്ങതി ഇപ്പ്രാവശ്യം എല്ലം കൊണ്ടും കൊള്ളാം നഗരത്തിലാണെങ്കിലും ഗ്രാമാന്തരീക്ഷമുള്ള ഭവനം വാടക കുറവു അഡ്വാൻസും അത്ര അധികമൊന്നും ഇല്ല

എല്ലാം പറഞ്ഞുറപ്പിച്ച ഉടൻ വിളിച്ചതു അവളെ ആയിരുന്നു ഫോൺ സ്വിച്ച്‌ ഓഫ്‌ കഴിഞ്ഞ ആറു മാസങ്ങൾ ഒരു വാശിയായിരുന്നു ഒരു വീടു കണ്ടു പിടിക്കാതെ എന്റെ സുമതിയെ വിളിക്കില്ല എന്ന വാശി ഈശ്വരാ ഇവളെന്താ ഫോണെടുക്കാത്തതു മണി ഏഴാകുന്നു ഇപ്പൊൾ പോയാൽ അവൾഹോസ്റ്റലിൽ എത്തിട്ടുണ്ടാകും വേഗം ഒരു ഓട്ടൊ പിടിച്ചു നേരെ ഹോസ്റ്റലിന്റെ മുന്നിലിറങ്ങി ഹൊസ്റ്റലിൽ സന്ദർശ്ശനമുറിയിൽ സുമതിയെയും കാത്തിരുന്ന എന്റെ മുന്നിലേക്കു കടന്നു വന്നതു അവളുടെ കൂട്ടുകാരിയായ നന്ദിനി യായിരുന്നു അൽപം മെലിഞ്ഞു വെളുത്തു കൊലുന്നനെ ഉള്ള ഒരു സുന്ദരി. വന്നപാടെ മുഖവുരയൊന്നുമില്ലതെ തന്നെ അവൾ പരഞ്ഞു സുമതി പോയല്ലൊ വയ്കുന്നേരം 4.30ന്റെ വണ്ടിക്കു എന്താ ഒന്നും പറഞ്ഞില്ലേ? കഴിഞ്ഞ കുറേ ആഴ്ച്ചകളായി അവൾ വല്ലാതെ അസ്വസ്ഥയായിരുന്നു പോകും മുൻപു പോലും ആരയൊ ഫോണിൽ വിളിച്ചു തേങ്ങിക്കരയുന്നുണ്ടായിരുന്നു..ഹൊസ്റ്റലിൽ ആറുമണിക്കു കയറണ്ടെ അല്ലായിരുന്നെങ്കിൽ അവൾ തീർച്ചയായും ഇതിനു മുൻപെ ചേട്ടനെ കാണാൻ ശ്രമിച്ചേനെ പിന്നെ സണ്ടേയ്‌ കളിൽ അവൽ പലവട്ടം ചേട്ടനെ കോഫീ ഷോപ്പിലേക്കു വിളിച്ചില്ലെ പലപ്പോഴും ഫൊൺ വച്ചു കഴിഞ്ഞു അവൾ പൊട്ടിക്കരയാറുണ്ടായിരുന്നു എന്താ നിങ്ങൾക്കിടയിൽ സംഭവിച്ചതു.

ഒന്നും മിണ്ടാതെ പടിയിറങ്ങുമ്പോൾ മനസ്സിൽ ഒരു തീവണ്ടി കൂകിയാർത്തു കടന്നുപോയി. ഇനി തനിക്കൊരു വാടകവീട്‌ വേണ്ടല്ലൊ എന്നോർത്ത്‌ സമാധാനത്തോടെ അയ്യാൾ ഇരുട്ടിലേക്കു നടന്നകന്നു..

Monday 13 October 2008

പോയ്‌വരട്ടെ

തിരികെ വരനായ്‌ ഞാൻ പോയ്‌വരട്ടെ

നീലജലാശയ്ത്തിന്നപാരതകൾ താണ്ടി

ഭാഗ്യം വിളയുന്ന പാടങ്ങൾ തേടി-

തിരികെ വരാനായ്‌ ഞാൻ പോയ്‌വരട്ടെ

തിരികെയെത്താം പങ്കുവയ്ക്കാം

ഭാഗ്യംങ്ങൾ ഒക്കെയും പകുത്തു നൽകാം

വിടപറയുമ്പോളെനിക്കു നൽകാൻ

ഈ വാക്കു മാത്രമെ ബാക്കിയുള്ളൂ

പ്രിയമോടെ നീ കാത്തിരിക്കുമെന്നറിയാ-

മെന്നലുമൊരുവാക്കു ഞാൻ കുറിച്ചിടട്ടെ

ഇനിയെന്നു കാണുമെന്നറിയില്ലല്ലോ

ഇനി കാണുമോ എന്നുമറിയില്ലല്ലോ

ജീവിതമൊരു സമസ്സ്യയായ്‌ മുന്നിൽ നിറയുമ്പോൾ

ജീവൻ കൊടുത്തതിനൊരുത്തരം തേടണം

വിധിപകുത്തേകിയൊരീ വിരഹമനുഭവിക്കാൻ

വിധാതാവ്നുഗ്രഹിക്കുമെന്നുകരുതി ഞാൻ പോയ്‌വരട്ടെ

ആദ്യന്തമില്ലാത്തൊരീ നീല വാനവും

ആതിരാതാരങ്ങളും ആയിരം കൊലുസുള്ളൊരീ പുഴയും

പിന്നെ ആകാശം മുട്ടുമീയപ്പൂപ്പൻ കുന്നും

എല്ലാമെനിക്കിനിയന്ന്യമാകും

എല്ലാരുമെന്നെയിനി മറന്നു പോകും

ചുക്കിച്ചുളിഞ്ഞൊരാകവിൾത്തടത്തിൽ

കെട്ടിപ്പിടിച്ചൊരു മുത്തം കൊടുത്തപ്പോളൊ-

രുതേങ്ങലുള്ളിലുയർന്നിരുന്നോ?

എന്റെ മുത്തശ്ശി പറയാതെ എന്തോ പറഞ്ഞിരുന്നോ?

അമ്മതൻ മടിയിൽ മയങ്ങാൻ

അച്ചഛനോടൊപ്പം നടക്കാൻ

കാവിലെ കൽ വിളക്കിൻ പ്രഭയിൽ-

നിന്നെ വീണ്ടും ഒരു മാത്ര കാണാൻ

കാലങ്ങളിനിയെത്ര കഴിയണം

ഉള്ളിലിരുന്നാരോ മന്ത്രിച്ചു

എല്ലാം നല്ലതിനല്ലേ പോയ്‌വരൂ നീ....

സൗഭാഗ്യങ്ങളുമായ്‌ തിരികെ വര‍ൂ നീ ...