Saturday 20 December 2008

നീ കൂടെയുണ്ടെങ്കിൽ

നീ കൂടെയുണ്ടെങ്കിൽ

നീ കൂട്ടിനുണ്ടെങ്കിൽ

എല്ലാം എല്ലാം എത്ര സുന്ദരം

മഴയായ്‌ മുകിലായ്‌ നീ

മനസ്സിലൊരു ചിത്രം വരയ്ക്കും.

ചിലപ്പോളൊരു കിളികൊഞ്ചലായി

പിന്നെ എന്റെ ഏകാന്ത -

രാവുകളിലൊരു ചിലങ്കതൻ നാദമായി!

പാതിയടഞ്ഞൊരാ കിളിവാതിലിൻ

വിടവിലൂടൊഴുകിയെത്തും നിലാവായി

എന്റെ ഉറക്കത്തിൽ നീയൊരു-

സ്വപ്നമായ്‌ കൂട്ടുവന്നു.

ഉണർന്നിരുന്നപ്പോൾ നീ യൊരു-

പകൽക്കിനാവായ്‌ ചേർന്നിരുന്നു.

വിതുമ്പാൻ തുടങ്ങുമ്പോളൊരു-

കുളിർത്തെന്നലായ്‌ നീയെന്നെത്തഴുകിയില്ലേ

കാലിടറുമ്പോളൊരുകൈത്താങ്ങായി!

കാലൊച്ചയില്ലാതെ നീ പിൻ തുടരും.

കാണാൻ കൊതിക്കുമ്പോളൊരു-

കണിവിളക്കായ്‌ മുന്നിൽ തെളിയും.

ഓർമ്മകളേ നിങ്ങളില്ലായിരുന്നെങ്കിലീ-

ജീവിതം വെറും ഒരുമരുഭൂമി.

Monday 15 December 2008

മനസ്സിലെ മൗനങ്ങളേ

മനസ്സു അതു ചിലപ്പോൾ പറഞ്ഞാൽ കേൾക്കാത്ത ഒരു ധിക്കാരിയാണു ചിലപ്പോഴെങ്കിലും. ചിലപ്പോൾ കൈമൊശം വന്നു പോയേക്കാവുന്ന ഒരു പാട്‌ രഹസ്യങ്ങളുടെ താക്കോൽ,ചിലപ്പോൾ മഴയെയും മൗനത്തിനെയും,മയിൽപീലിയെയും സ്വപ്നം കാണുന്ന ഒരു കൊച്ചു കുഞ്ഞിനെ പോലെ, എന്റെ ഉറക്കം വരാത്ത രാത്രികളിൽ, വിചിത്രമായ യാത്രകളിൽ, ജാറ്റും,ഹഷീഷും,കോളയും മണക്കുന്ന മൊണ്രോവിയയിലെ തെരുവുകളിൽ, കാതടപ്പിക്കുന്ന സംഗ്ഗീതത്തിൽ ക്ലബ്ബുകളിൽ ഒഴുകിതീരുന്ന ലഹരിയിലും പ്രണയം മരിച്ച ശരീരങ്ങൾ ഒഴുക്കുന്ന വിയർപ്പിലും നഷ്ടപ്പെടാതെ. മനസ്സിലെ അവസാനതുള്ളി പ്രണയമെങ്കിലും സൂക്ഷിച്ചു വയ്ക്കാൻ എനിക്കു കഴിയുമോ?

മനസ്സിലെ മൗനങ്ങളേ
ചിരിക്കുന്ന ചിന്തകളേ
നിങ്ങളൊരുകൂടുകൂട്ടു
അതിലൊരു റാണിയായവളും
അതിലൊരു രാജാവായ്‌ ഞാനും

പ്രണയമോടെ സ്വപ്നമോടെ-
യൊരുപൂക്കാലം
ആ തൊടിയിൽ വീണ്ടും വിടരുമോ?
വിരഹം ദൂരെ മാറിനിൽക്കുമോ?

മഴമേഘമെഴുതിയ ഈ-
പ്രണയ കാവ്യം മായ്ക്കാൻ
കാറ്റേ നീ ഈ വഴി വരല്ലേ
താരങ്ങൾതാരാട്ടുപാടുന്ന ഈരാവിലീ-
സ്വപ്നവും താലോലിച്ചിനിയുറങ്ങട്ടെ ഞാൻ.